Tuesday, October 17, 2006

അതിരുകളില്ലാത്ത മോഹങ്ങള്‍

ഇത്തവണയെങ്കിലും നാട്ടിലെത്തിയാല്‍ എനിക്കെന്റെ പോയ വസന്തം തിരിച്ചുപിടിക്കണം.
പക്ഷെ,അവക്കിന്ന് കഴിഞ്ഞ നാളുകളുടെ മാധുര്യമുണ്ടാകുമോ...ആവോ..?

മഴ പെയ്തൊഴിയും മുമ്പെ നാടണയണം.തിമിര്‍ത്തു പെയ്യുന്നൊരു കര്‍ക്കിടക മഴയില്‍ പാടവരമ്പത്തുകൂടെ മനം നിറയെ മഴ കൊണ്ട്‌ നടക്കണം.പെയ്തൊഴിഞ്ഞ മഴക്ക്‌ അകമ്പടിയായെത്തിയ കാറ്റ്‌ വലിച്ചിട്ട മൂവാണ്ടന്‍ മാങ്ങകള്‍ ഓടിച്ചെന്ന് പെറുക്കിയെടുക്കണം.വീടിന്റെ ഉമ്മറത്തിരുന്ന് പുറത്തേക്ക്‌ കൈനീട്ടി ഇറയത്തുനിന്ന് കിനിഞ്ഞിറങ്ങുന്ന മഴത്തുള്ളികള്‍ ഒന്നൊഴിയാതെ കൈക്കുമ്പിളില്‍ നിറക്കണം.

അതിരാവിലെ എഴുന്നേറ്റ്‌ ഗെയിറ്റിന്നരികിലെ കല്‍പ്പടവുകളില്‍ പത്രക്കാരനെ കാത്തിരിക്കണം.ചൂടുള്ള വാര്‍ത്തക്കൊപ്പം
ചുടുചായയും ദോഷയും കഴിച്ച്‌ പത്രവിശേഷങ്ങളിലേക്ക്‌ ഊളിയിട്ടിറങ്ങണം.
അടുക്കളയില്‍ ഉച്ചക്ക്‌ ചോറിനുള്ള വിഭവങ്ങളൊരുക്കുന്ന ഉമ്മച്ചീടെ കണ്ണുവെട്ടിച്ച്‌ പപ്പടമെടുത്ത്‌ ഓടണം.ഉമ്മച്ചീടെ പാത്രത്തില്‍ നിന്നൊരു ചോറുരുള ഉമ്മച്ചീടെ കൈകൊണ്ടുതന്നെ വാങ്ങണം.അകത്തെപുരയില്‍ ഭക്ഷണം കഴിഞ്ഞ്‌ നാട്ടുവര്‍ത്തമാനങ്ങള്‍ പറയാനൊരുങ്ങുന്ന വല്ലിമ്മച്ചീടെ മടിയില്‍ തലവെച്ച്‌ പഴമ്പുരാണങ്ങളുടെ കെട്ടഴിക്കാന്‍ പ്രേരിപ്പിക്കണം.

നാലുമണിക്ക്‌ സ്കൂള്‍ വിട്ടുവരുന്ന വീട്ടിലെ കൊച്ചുങ്ങളെക്കൂട്ടി തറവാട്ടുപറമ്പിലെത്തണം.അവിടെ ഇടവഴിയിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന മാവിന്മേല്‍ പുളിയുറുമ്പിന്റെ കടിയേറ്റാണെങ്കിലും ഏന്തിവലിഞ്ഞുകയറി(ഈ തടി കൊണ്ട്‌ കേറാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു തോട്ടിയെങ്കിലുമെടുത്ത്‌)കോമാങ്ങകള്‍ വലിച്ച്‌ താഴെയിടണം.മാഞ്ചോട്ടിലെ മണ്ണിലേക്കിറങ്ങിക്കിടക്കുന്ന വേരുകളിലിരുന്ന് മാങ്ങകള്‍ കയ്യില്‍ കരുതിയ കടലാസുപൊതിയിലെ ഉപ്പും മുളകും കൂട്ടിത്തിന്നണം.

പണ്ട്‌ പഠിക്കുന്ന കാലത്ത്‌ കുട്ടിയും കോലും കളിച്ചിരുന്ന സ്കൂള്‍ഗ്രൗണ്ടിലെത്തി കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നത്‌ കൗതുകത്തോടെ നോക്കിനില്‍ക്കണം.അലവ്യാക്കാടെ ചായപ്പീടികയില്‍ നിന്ന് സുലൈമാനീം പരിപ്പുവടേം കഴിച്ച്‌ തൊട്ടടുത്ത അരവിന്ദേട്ടന്റെ കടയിലെത്തി പുതിയ നാട്ടുവിശേഷങ്ങള്‍ ചോദിച്ചറിയണം.

ഞായറാഴ്ച്ചകളില്‍ ജോലിയില്ലാതെ വീട്ടില്‍ വെറുതെ കുത്തിയിരുന്ന് ടെലിവിഷനിലെ "ബ്ലോക്ക്‌ ബസ്റ്റര്‍"ചലചിത്രത്തിനു മുന്നില്‍ സമയം പോക്കുന്ന പഴയ കളിക്കൂട്ടുകാരെ തേടിപ്പിടിച്ച്‌ നരിമടക്കുന്ന് കയറണം.കുന്നിന്മുകളിലെ ഞാവല്‍മരത്തില്‍ കയറി കൊമ്പുകുലുക്കി ഞാവല്‍പഴങ്ങള്‍ അടര്‍ത്തിവീഴ്ത്തണം.വൈകുന്നേരത്തോടെ കുന്നിറങ്ങി താഴെയുള്ള കറ്റട്ടിക്കുളത്തില്‍ മതിയാവോളം നീന്തിത്തുടിക്കണം.

അന്തിമയങ്ങും നേരം കൂട്ടുകാരോടൊത്ത്‌ കയ്യിലൊരു റാന്തല്‍ വിളക്കും വാള്‍ക്കത്തിയുമായി പാടത്ത്‌ മീന്‍ വെട്ടാനിറങ്ങണം.കിട്ടിയ മീനുകള്‍ പകുത്തെടുത്ത്‌ തിരിച്ച്‌ വീട്ടിലെത്തി മുളകുകറിയിട്ട്‌ അത്താഴത്തിനു കോപ്പൊരുക്കണം.അത്താഴം കഴിഞ്ഞ്‌ പായവിരിച്ച്‌ കിടന്നുറങ്ങാനൊരുങ്ങുന്ന കുഞ്ഞുങ്ങളുടെ അടുത്തെത്തി പുതിയ കാലത്തെ കഥകളും പാട്ടുകളും കാതുകൂര്‍പ്പിച്ച്‌ കേള്‍ക്കണം.പകുതിവെച്ച്‌ മതിയാക്കി കുഞ്ഞുങ്ങളുറങ്ങുമ്പോള്‍ ഇടക്കുവെച്ച്‌ നിര്‍ത്തിയ കുഞ്ഞിക്കഥകളുടെ ബാക്കിഭാഗം ഊഹിച്ചെടുത്ത്‌ സുഖമുള്ളൊരു സ്വപ്നത്തെ കിനാകണ്ട്‌ ഉറക്കത്തിലേക്ക്‌ മെല്ലെ മെല്ലെ വഴുതിവീഴണം.

ഇത്തവണയെങ്കിലും നാട്ടിലെത്തിയാല്‍ എനിക്കെന്റെ പോയ വസന്തം തിരിച്ചുപിടിക്കണം.പക്ഷെ,അവക്കിന്ന് കഴിഞ്ഞ നാളുകളുടെ മാധുര്യമുണ്ടാകുമോ...ആവോ..?

ഓര്‍മ്മിക്കാന്‍...ഓമനിക്കാന്‍

ജീവിതം നൈര്യന്തര്യമുള്ള ഒരു യാത്രയാണു.
എപ്പോഴും എവിടെയും വരാം.പോകാം.
മടക്കമില്ലാത്ത ഒരു യാത്രയേയുള്ളൂ.അതുവരെ ഇങ്ങിനെ ഒഴുകും

ഇതിനിടക്ക്‌ കാലം നമുക്കായി വിട്ടേച്ചുപോയ ഓര്‍മ്മകളില്‍ തലചായ്ച്ചു കിടക്കുമ്പോള്‍,
എന്നും പച്ചപിടിച്ചു നില്‍ക്കുന്ന മനോഹരമായ ഒരു താഴ്‌വരയില്‍ നാമെത്തപ്പെട്ടതു പോലെ തോന്നും.
ഓര്‍മ്മകളുടെ ഓളങ്ങള്‍ നമ്മെ ഒരു കരയില്‍ നിന്ന് മറ്റൊരു തീരത്തേക്ക്‌
ഒഴുക്കിക്കൊണ്ടു പോകുമ്പോള്‍ നാമും ഓര്‍മകളോടൊപ്പം അറിയാതെ ഒഴുകിക്കൊണ്ടിരിക്കും.

ഭൂതകാലത്തേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്ന ഓര്‍മ്മകള്‍
മനസ്സിനെന്നും കുളിരേകുന്ന പേമാരിയാണു.
ചിതലരിക്കുന്ന ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുമ്പോള്‍
അവ പകര്‍ന്നേകുന്ന അനുഭൂതി വിവരണാതീതവും.

ഓര്‍മ്മയുടെ കോന്തലയില്‍ കെട്ടിവെച്ചതും കൊളുത്തിനിന്നതുമായ
ഓര്‍മ്മക്കുറിപ്പുകളെ പകര്‍ത്തിവെക്കാനൊരിടം.
നന്നെ ചുരുങ്ങിയത്‌ അവ എന്റെ മനസ്സില്‍ നിന്ന്
പടിയിറങ്ങിപ്പോകാതിരിക്കാനെങ്കിലും..